തിരുവനന്തപുരം: ഭരണവിരുദ്ധ വികാരവും സ്വര്‍ണക്കൊള്ള കേസും തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതി.
ഈ രണ്ടു കാരണങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ നേതാക്കള്‍ പാടെ തള്ളി.
ഈ പോക്കു പോയാല്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം പോലും പാളും. ഭരണം കിട്ടുക മാത്രമല്ല ലക്ഷ്യം. പാര്‍ട്ടി സംഘടന സംവിധാനം നശിച്ചു പോകാതിരിക്കാന്‍ ഇനിയെങ്കിലും സമൂലമായ നടപടികളാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇന്നത്തെ അവസരത്തില്‍ അതു നിഷേധിക്കാനാവില്ല. പാര്‍ട്ടിയും സര്‍ക്കാരും തിരുത്തേണ്ടത് തിരുത്തിയേ മതിയാകൂ. ഇത് അവസാന അവസരമായി കാണണം. ഇല്ലെങ്കില്‍ തിരുത്തിയതുകൊണ്ടും പ്രയോജനമുണ്ടാകില്ലെന്ന് സംസ്ഥാന സമിതിയില്‍ നേതാക്കള്‍ തുറന്നടിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനെതിരേ ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടി എടുക്കേണ്ടിയിരുന്നു. ഇപ്പോള്‍ കോടതി ശക്തമായി പ്രത്യേക അന്വേഷണസംഘത്തിനെതിരേ നിലപാട് എടുത്തിരിക്കുകയാണ്. എന്നിട്ടും പത്മകുമാറിനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു.എം.വി. ഗോവിന്ദനെ തള്ളി സിപിഎം സംസ്ഥാന സമിതി